ടൊവിനൊയെ നായകനാക്കി ഒരുക്കിയ ചിത്രം ‘തല്ലുമാല’ യില്‍ ബീഫിനെ പൂര്‍ണമായും വെട്ടിമാറ്റിയതായി ആരോപണം. ചിത്രത്തില്‍ ആദ്യം ലുഖ്മാന്റെ കഥാപാത്രമായ ജംഷിയും ടോവിനോയുടെ വസീമും കണ്ടുമുട്ടുമ്‌ബോള്‍ മുതല്‍ ബീഫ് ഒരു പ്രധാന സംഭാഷണമായി കടന്നുവരുന്നുണ്ടായിരുന്നു. പള്ളിയില്‍ വെച്ചുള്ള ആദ്യ തല്ലിന് മുമ്ബും വസീമിന്റെ കല്യാണമെനുവിനെ കുറിച്ചുള്ള സംസാരത്തിലുമെല്ലാം ബീഫ് പപ്പ്‌സും ബീഫ് ബിരിയാണിയും സംഭാഷണ മധ്യേ കടന്നുവരുന്നുണ്ട്. അതേസമയം, നെറ്റ്ഫ്‌ലിക്‌സ് റിലീസിന് പിന്നാലെ കന്നഡ പതിപ്പില്‍ ഈ ഭാഗങ്ങളിലെല്ലാം മട്ടണ്‍, കറി എന്നാണ് ഡബ്ബിംഗ് ചെയ്തിരിക്കുന്നത്. സബ് ടൈറ്റിലില്‍ നിന്നും ബീഫിനെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിട്ടുമുണ്ട്. തമിഴ്, തെലുഗ് പതിപ്പുകളില്‍ ബീഫിനെ മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും നെറ്റിസണ്‍സ് വ്യക്തമാക്കുന്നു.
നെറ്റ്ഫ്‌ലിക്‌സ് ഒട്ടും പ്രൊഫണലല്ലാതെയാണ് തല്ലുമാലയുടെ ഡബ്ബിംഗും മറ്റും നിര്‍വ്വഹിച്ചതെന്നും മലയാളത്തിലെ യഥാര്‍ത്ഥ പശ്ചാത്തല സംഗീതമെല്ലാം മറ്റു ഭാഷാ പതിപ്പുകളില്‍ ചോര്‍ന്നുപോയതായും നിരവധി പ്രേക്ഷകര്‍ പരാതിയായി ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും മോശം രീതിയിലാണ് ചിത്രം ഡബ്ബ് ചെയ്യപ്പെട്ടതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ചിത്രത്തിന്റെ സബ് ടൈറ്റിലിനെതിരെ ചിത്രത്തിന്റെ യഥാര്‍ത്ഥ സബ് ടൈറ്റിലിങ് നിര്‍വ്വഹിച്ച ‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ രംഗത്തുവന്നിരുന്നു. തങ്ങള്‍ ശരിയായ രീതിയില്‍ സബ് ടൈറ്റിലിങ് നിര്‍വ്വഹിച്ച ചിത്രത്തിലെ പ്രധാന ഭാഗങ്ങളില്‍ പലയിടത്തും ഒറിജിനല്‍ സബ് ടൈറ്റില്‍ മാറ്റി സ്ഥാപിച്ചതായാണ് ആരോപണം. ഈ പരാതി സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ച മുഹ്‌സിന്‍ പരാരി, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവര്‍ ഇതിനെതിരെ പരസ്യമായി ഇന്‍സ്റ്റാഗ്രാമിലൂടെ രംഗത്തുവന്നിരുന്നു.
നേരത്തെ ദക്ഷിണേന്ത്യക്ക് വേണ്ടി നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ സൗത്ത് ഇന്ത്യന്‍ ആന്തത്തിന് നേരെ ബീഫ് ഡയലോഗ് മറച്ചതായ സമാനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പേരില്‍ ഇറക്കിയ റാപ്പില്‍ നീരജ് മാധവിന്റെ മലയാളം റാപ്പ് വരുന്ന ഭാഗത്തിലെ സബ് ടൈറ്റിലിനെതിരെയാണ് വിമര്‍ശനമുയര്‍ന്നിരുന്നത്. ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന് നീരജ് മാധവ് പാടുമ്‌ബോള്‍ സബ്ടൈറ്റിലില്‍ ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാണ് കാണിക്കുന്നത്.

