ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ

തൃശൂർ: ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച രാത്രി എട്ടിനാണ് തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർഎസ്എസ് പ്രവർത്തകൻ മണികണ്ഠന്റെ വീട്ടിൽ വെച്ച് മോഹൻ ഭാഗവതുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂർ നേരമായിരുന്നു കൂടിക്കാഴ്ച്ച. നാലു ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച്ചയാണ് മോഹൻ ഭാഗവത് കേരളത്തിലെത്തിയത്. രണ്ടു ദിവസമായി അദ്ദേഹം തൃശൂർ ജില്ലയിലുണ്ട്.

ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഗവർണറും മോഹൻ ഭഗവതും തമ്മിലുള്ള കൂടിക്കാഴ്ച്ച. ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവിന് അവർക്ക് അർഹതപ്പെട്ട ജോലിക്കായി അപേക്ഷിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല, അത് അദ്ദേഹം തന്നെ പരിശോധിക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ അടുത്ത് ബന്ധപ്പെടുന്നവർ അത് പരിശോധിപ്പിക്കാൻ തയ്യാറാകണം. പക്വമതിയായ ആൾക്ക് ചേർന്ന പ്രതികരണമല്ല ഗവർണറുടേത്. സർക്കാർ ഭരണഘടനാപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.