കൊച്ചി: സോളാർ കേസിലെ ലൈംഗിക ചൂഷണ പരാതിയിൽ പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ ആരോപണത്തിൽ വിശദീകരണം തേടി ഹൈക്കോടതി. പരാതിക്കാരിയുടെ പുതിയ പരാതിയിൽ സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
പദ്ധതിയ്ക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും രാഷ്ട്രീയക്കാരെ ഉൾപ്പെടെ 14 പേരെ ഒഴിവാക്കിയെന്നാണ് പരാതിക്കാരിയുടെ പുതിയ പരാതി. സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയറിയിച്ചാണ് പരാതിക്കാരി ഹൈക്കോടതിയിൽ പരാതി നൽകിയത്. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം നടത്തുന്നത്. പ്രതിപ്പട്ടികയിൽ എല്ലാവരെയും ചേർത്ത് അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. ആറ് കേസുകൾ രജിസ്റ്റർ ചെയ്ത സിബിഐ ഒരു കേസിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

