ന്യൂഡൽഹി: കേരളത്തിലെ പേവിഷ വാക്സിന്റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിഎംആർ. സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. നിവേദിത ഗുപ്തയാണ് ഒരു സ്വകാര്യ ചാനലിനോടാണ് ഇക്കാര്യം അറിയിച്ചത്.
റാബിസ് വൈറസിന്റെ ജനിതക മാറ്റം പരിശോധിക്കും മുമ്പ് വാക്സിന്റെ ഫലപ്രാപ്തിയാണ് പരിശോധിക്കേണ്ടത്. കോവിഡ് പടർത്തുന്ന സാർസ് വൈറസുകൾ പോലെ അല്ല പേവിഷ ബാധയ്ക്ക് കാരണമാകുന്ന വൈറസെന്നും റാബിസ് വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും നിവേദിത പറഞ്ഞു.
എലി, കുറുക്കൻ, തുടങ്ങിയ മൃഗങ്ങളിലും റാബിസ് ബാധ കാണാറുണ്ട്. എന്നാൽ നായയുടെ കടിയേറ്റ കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ല. നായകൾക്ക് വാക്സിൻ നൽകുകയും, കടിയേറ്റവർ ഉടനെ വാക്സിൻ സ്വീകരിക്കുകയുമാണ് നിലവിൽ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്നും നിവേദിത ചൂണ്ടിക്കാട്ടി.
ഏത് മൃഗത്തിന്റെ കടിയേറ്റാലും ഉടൻ വാക്സിൻ സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും നിവേദിത ഗുപ്ത കൂട്ടിച്ചേർത്തു.

