ഇത് തന്റെ ഗവൺമെന്റ്; ഓണാഘോഷത്തിൽ നിന്നും മാറ്റിനിർത്തിയിട്ടില്ലെന്ന് ഗവർണർ

തിരുവനന്തപുരം: ഓണാഘോഷത്തിൽ നിന്നും മാറ്റിനിർത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓണാഘോഷ വിഷയത്തിൽ തർക്കമില്ലെന്നാണ് ഗവർണർ വ്യക്തമാക്കുന്നത്. ഇത് തന്റെ ഗവൺമെന്റാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

സർക്കാരുമായുള്ള എന്തെങ്കിലും പ്രശ്നം കൊണ്ടല്ല താൻ തിങ്കളാഴ്ച്ച അട്ടപ്പാടിയിലെത്തിയത്. അട്ടപ്പാടിയിലെ പരിപാടി രണ്ട് മാസം മുൻപ് ഏറ്റതാണ്. അട്ടപ്പാടിയിലെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റികളെ നഴ്സറികളാക്കി മാറ്റാൻ അനുവദിക്കില്ലെന്നും തന്റെ ഉത്തരവാദിത്വം നിറവേറ്റുക തന്നെ ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.