യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുക; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി രാഹുൽഗാന്ധിയെ ട്രോളിയത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് അദ്ദേഹം പരിഹസിച്ചു. ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടി എന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയവരുടെ പോക്കറ്റടിച്ചു എന്ന വാർത്തയായിരുന്നു പുറത്തുവന്നത്. രാഹുൽ ഗാന്ധിയെ കാണാൻ കാത്തു നിൽക്കുന്നതിനിടെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. മോഷ്ടാക്കളായ നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച്ച രാവിലെ നേമത്ത് നിന്നാണ് രാഹുലിന്റെ പദയാത്ര തുടങ്ങിയത്. ജോഡോ യാത്ര കടന്നു പോയ കരമന, തമ്പാനൂർ എന്നിവിടങ്ങളിലെല്ലാം പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

തുടർന്ന് പോലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. നാലംഗ സംഘത്തെ കുറിച്ച് ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ എത്രയും വേഗം പിടികൂടണമെന്നാണ് പോലീസിന് ലഭിച്ച നിർദ്ദേശം.