കേരളത്തില്‍ 18 ദിവസം, യുപിയില്‍ വെറും രണ്ട്; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം രംഗത്ത്. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് ‘ഭാരത് ജോഡോ യാത്ര’യെന്നാണ് സിപിഎമ്മിന്റെ ട്വീറ്റ്.

ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനെന്ന പേരില്‍ നടത്തുന്ന യാത്രയില്‍ 18 ദിവസം രാഹുല്‍ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും, ബിജെപി ഭരിക്കുന്ന യുപിയില്‍ വെറും രണ്ട് ദിവസം മാത്രമാണ് രാഹുല്‍ യാത്ര നടത്തുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

അതേസമയം, ഭാരത് ജോഡോ യാത്ര രണ്ടാം ദിവസവും കേരളത്തില്‍ പുരോഗമിക്കുകയാണ്. രാവിലെ നേമം വെള്ളായണി ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ യാത്ര പത്തുമണിയോടെയാണ് തിരുവന്തപുരം നഗരത്തിലെത്തിയത്. വെള്ളായണി ജംഗ്ഷനില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ജാഥ മുന്നേറിയത്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥിരാംഗങ്ങള്‍ക്കൊപ്പം ജാഥയെ അനുഗമിക്കുന്നത്.