ഇസ്ലാമാബാദ്: വെള്ളപ്പൊക്കത്തെ തുടർന്ന് പാകിസ്താനിൽ കനത്ത നാശനഷ്ടം. പാകിസ്താനിലെ സ്ഥിതിഗതികൾ ഐക്യരാഷ്ട്രസഭ വിലയിരുത്തി. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കറാച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനിലെ ദുരന്തത്തെ കുറിച്ച് വിവരിക്കാൻ കഴിയുന്നില്ല. ലോകത്തിലെ നിരവധി ദുരന്തങ്ങൾ താൻ നേരിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പാകിസ്താനിലെ വെള്ളപ്പൊക്കത്തിന് സമാനമായ മറ്റൊരു ദുരന്തവും ഇതുവരെ താൻ കണ്ടിട്ടില്ല. ഭൂമിയിലെ കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അതിന്റെ ശേഷിക്ക് അപ്പുറത്തുള്ള നാശനഷ്ടങ്ങളും ദുരിതങ്ങളും കൂടുതലായി അനുഭവിക്കേണ്ടി വരും. ഇതൊരു ആഗോള പ്രതിസന്ധിയാണെന്നും വലിയൊരു മാറ്റത്തിന് ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാകിസ്താനെ സഹായിക്കാൻ എല്ലാ രാജ്യങ്ങളും മുന്നോട്ടു വരണം. പാകിസ്താന് വലിയ രീതിയിൽ സാമ്പത്തികമായും അടിസ്ഥാനപരമായും സഹായം നൽകേണ്ടത് ആവശ്യമാണ്. ദുർബലരായവരെ ഈ ദുരന്തം അത്ര വലുതായാണ് ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനിൽ 33 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 30 ബില്ല്യൺ യുഎസ് ഡോളറിന്റെ നാശനഷ്ടം ഉണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

