കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നെയ്യാറ്റിൻകരയിലെ സ്വാതന്ത്യ സമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാമെന്നേറ്റ ശേഷം പിന്മാറിയതിനാണ് രാഹുൽ ഗാന്ധിക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. സ്വാതന്ത്യ സമര സേനാനികളായ പി ഗോപിനാഥൻ നായർ, കെ ഇ മാമ്മൻ എന്നിവരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ വിസമ്മതിക്കുകയും അവരെ അവഹേളിക്കുകയും ചെയ്ത രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു ഭാഗത്ത് സ്വാതന്ത്യ സമര സേനാനികളെ അവഹേളിക്കുമ്പോൾ പ്രകോപനപരമായ പ്രസംഗങ്ങൾക്ക് പിടിയിലായ മത നേതാക്കളെ വ്യക്തിപരമായി സന്ദർശിക്കാൻ സമയം കണ്ടെത്തുന്നു. ജവഹർലാൽ നെഹ്റുവിന് മുൻപ് കോൺഗ്രസ് അദ്ധ്യക്ഷനായ ഒറ്റപ്പാലക്കാരൻ ചേറ്റൂർ ശങ്കരൻ നായർക്ക് പ്രതിമ പോലും സ്ഥാപിക്കാൻ ഇവർ ശ്രമിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നാടിന്റെ പാരമ്പര്യത്തോടോ ദേശീയതയോടോ രാഹുലിന് ഒരു മതിപ്പുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ജീവിതം മുഴുവൻ കോൺഗ്രസിന് വേണ്ടി യത്നിച്ച തല മുതിർന്ന നേതാക്കളൊക്കെ രാഹുലിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. രാഹുൽ അപക്വമതിയും ധിക്കാരിയുമാണെന്ന് പറഞ്ഞത് ബിജെപിയല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയതലത്തിലേയും സംസ്ഥാന തലത്തിലേയും മുതിർന്ന പല പ്രമുഖ നേതാക്കൾക്കും പാർട്ടി അദ്ധ്യക്ഷനായിരുന്നപ്പോഴും അല്ലാത്തപ്പോഴും രാഹുലിനെ ഒന്ന് കാണാൻ വർഷങ്ങൾ കാത്തിരുന്നിട്ടും അനുവാദം കിട്ടാത്ത സ്ഥിതിയാണ്. ലോകത്തെ മിക്ക വിപ്ലവങ്ങളും രാഷ്ട്രീയ മാറ്റങ്ങളും കുടുംബാധിപത്യത്തിനും കുടുംബവാഴ്ചക്കും എതിരായിരുന്നു. എന്നാൽ കോൺഗ്രസ് അന്നും ഇന്നു കുടുംബാധിപത്യത്തിന് വേണ്ടി നിലകൊള്ളുകയാണ്. അച്ഛന്റെയും മുത്തശ്ശി- മുത്തച്ഛന്മാരുടെയും പാരമ്പര്യം അവകാശപ്പെടുന്നതിന് പകരം സ്വന്തം കാലിൽ നിന്ന് വളർന്ന് നേതാവാകാനാണ് രാഹുൽ ശ്രമിക്കേണ്ടത്. നാടിന്റെ മാനബിന്ദുക്കളെ ഉൾക്കൊണ്ട സ്വാതന്ത്യപൂർവ്വ കോൺഗ്രസ് നേതാക്കളിൽ നിന്ന് പ്രചോദനമുൾക്കൊള്ളുകയാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്. ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്ന രാഹുൽ ഇന്ത്യയെ വെട്ടിമുറിപ്പിച്ചതാരാണാണെന്ന് പറയണം. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള മന: സ്ഥിതിയുമായി നടക്കുന്നവരെ തുറന്നു കാണിക്കണം. മത ഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരെ എത്ര തവണ രാഹുൽ ശബ്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.
ആത്മാഭിമാനം അല്പമെങ്കിലും അവശേഷിച്ചവർ കോൺഗസിൽ നിന്ന് വിട്ടുപോയികൊണ്ടിരിക്കുകയാണ്. വരും നാളുകളിൽ ഈ പ്രക്രിയ ശക്തിപ്പെടും. രാഹുലിന്റെ യാത്ര ബിജെപിക്കെതിരെയല്ല. കോൺഗ്രസിൽ തന്റെ നേതൃത്വം ചോദ്യം ചെയ്യുന്നവരെ ജയിക്കാനായി നടത്തുന്ന ശ്രമമാണ്. സ്വാതന്ത്യ സമരത്തിന്റെ നേട്ടങ്ങളെ ഹൈജാക്ക് ചെയ്യുകയാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി വരെ പറഞ്ഞതാണ്. തിലകനെയും നേതാജിയേയും ഒക്കെ മറന്ന കോൺഗ്രസ് ഒരു കുടുബത്തിന് അധികാരത്തിൽ തുടരാനുള്ള വേദിയായി മാത്രം മാറി. ഇപ്പോൾ അധികാരത്തിൽ നിന്ന് പുറത്തായതിന്റെ വേവലാതിയാണ് രാഹുൽ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

