കൊച്ചി: കേരളത്തിലെ ബിജെപിയുടെ സ്ഥിതിയില്‍ കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബര്‍ 1ന് നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചത്.
‘അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുന്നില്ല. നേതാക്കള്‍ക്ക് എപ്പോഴും ഒരേ കാര്യം തന്നെയാണ് പറയാനുള്ളത്. പാര്‍ട്ടിയുമായി സഹകരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന സാമുദായ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ നടപടികള്‍ ഉണ്ടാകുന്നില്ല. സംഘടനാപരമായി വിവിധ പരിപാടികള്‍ നടത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ട്. പക്ഷേ, പേപ്പറില്‍ കാണുന്ന ഗുണഫലമൊന്നും പ്രവൃത്തിയില്‍ കാണാനില്ലല്ലോ? എപ്പോഴും കാണുന്ന മുഖങ്ങള്‍ നേതൃതലത്തില്‍ പോരാ. പാര്‍ട്ടിക്ക് പുതുമുഖങ്ങളെ കണ്ടെത്താന്‍ കഴിയണം. പുതിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരണം’- അദ്ദേഹം കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

