കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ എതിർപ്പുമായി വിമത നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാടിനെതിരെ എതിർപ്പുമായി വിമത നേതാക്കൾ. ശശി തരൂർ ഉൾപ്പെടെ ആറ് വിമത നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നൽകിയിട്ടുണ്ട്. മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോലൈ, അബ്ദുൽ ഖാർക്വീ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചിട്ടുള്ള മറ്റുള്ളവർ. എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിക്കാണ് നേതാക്കൾ കത്ത് അയച്ചത്. ഏകീകരിച്ച വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഇല്ലാതാക്കുന്നുവെന്നാണ് വിമത നേതാക്കൾ കത്തിൽ പറയുന്നത്.

ആവശ്യമുള്ള എല്ലാവർക്കും പരിശോധിക്കാൻ സാധ്യമാകുന്ന വിധത്തിൽ വോട്ടർപട്ടിക ലഭ്യമാക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ നിലപാട് സംശയമുണ്ടാക്കുന്നതാണെന്നും നേതാക്കൾ വ്യക്തമാക്കി. വോട്ടർ പട്ടിക പുറത്തുവിടണമെന്ന തങ്ങളുടെ ആവശ്യത്തിൽ തെറ്റായ ഇടപെടൽ നടന്നത് നിർഭാഗ്യകരമാണ്. പാർട്ടിയുടെ ആഭ്യന്തര രേഖകൾ പുറത്തുവിടണമെന്നല്ല പറയുന്നത്.

പട്ടിക പുറത്തുപോകുന്നതിൽ ആശങ്കയുണ്ടെങ്കിൽ അതിലെ വിവരങ്ങൾ വോട്ടവകാശം ഉള്ളവരിലേക്കും സ്ഥാനാർഥികളാകാൻ കാത്തിരിക്കുന്നവരിലേക്കും കൃത്യമായി എത്തിക്കണം. വോട്ടവകാശം ഉള്ളവരും സ്ഥാനാർഥികളാകാൻ ഇരിക്കുന്നവരും അതു പരിശോധിക്കാൻ പിസിസികളിലേക്കു എത്തണമെന്നതു ചിന്തിക്കാനാകില്ല. ഈ ആവശ്യം അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള തങ്ങളുടെ ഉത്കണ്ഠ അവസാനിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.