ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വേര്‍പാടില്‍ തേങ്ങി കായിക ലോകവും. ലോകമെമ്ബാടുമുള്ള നിരവധി കായിക പ്രതിഭകള്‍ രാജ്ഞിയ്ക്ക് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു.
മത്സരങ്ങള്‍ മാറ്റിവച്ചും മത്സരങ്ങള്‍ക്ക് മുന്‍പ് മൗനാചരണം നടത്തിയും കറുത്ത ആംബാന്‍ഡ് ധരിച്ചും രാജ്ഞിയ്ക്ക് രാഞ്ജിയ്ക്ക് കായിക ലോകം ആദരം നല്‍കി. ഈ വീക്കെന്‍ഡിലും രാജ്ഞിയുടെ ഭൗതീക ദേഹം സംസ്‌കരിക്കുന്ന ദിവസവും ഒരു കായിക മത്സരവും നടത്തരുതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അതാത് കായിക സംഘടനകള്‍ക്ക് തീരുമാനിക്കുമെന്നും ഗവണ്‍മെന്റ് അറിയിച്ചിരുന്നു.
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ഈ വീക്കെന്‍ഡില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ എല്ലാം മാറ്റിവച്ചു. ഇതോടൊപ്പം ഈ ആഴ്ച അവസാനത്തില്‍ നിശ്ചയിച്ചിരുന്ന എല്ലാ ആഭ്യന്തര ഫുട്ബാള്‍ മത്സരങ്ങളും മാറ്റിവച്ചതായി ഇംഗ്ലണ്ട് ഫുട്ബാള്‍ അസോസിയേഷന്‍ (എഫ്.എ),വേല്‍സ്, സ്‌കോട്ടിഷ്, അയര്‍ലന്‍ഡ് ഫുട്ബാള്‍ അസോസിയേഷനുകളും അറിയിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ്, വെസ്റ്റ് ഹാമിന്റെ കോണ്‍ഫറന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് രാജ്ഞിയ്ക്ക് ആദരമര്‍പ്പിച്ചു.

