തിരുവനന്തപുരം: പേ വിഷബാധക്കെതിരായ വാക്‌സിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും പരിശോധന ആവശ്യപ്പെട്ടതോടെ വാക്‌സിന്റെ ഒരു ബാച്ചിന്റെ വിതരണം പിന്‍വലിച്ചു. കെബി 210002 എന്ന ബാച്ച് വാക്‌സീനാണ് അടിയന്തരമായി പിന്‍വലിച്ചത്. ആശുപത്രികളില്‍ നിന്നും വെയര്‍ ഹൗസുകളില്‍ നിന്നും വാക്‌സീന്റെ ഈ ബാച്ച് പിന്‍വലിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. വാക്‌സീന്‍ പിന്‍വലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വെയര്‍ഹൗസുകള്‍ക്ക് കെഎംഎസ്‌സിഎല്‍ നിര്‍ദ്ദേശം നല്‍കി.
കസൗളിയിലെ കേന്ദ്ര ലാബാണ് ഗുണനിലവാര പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതേ ലാബില്‍ വീണ്ടും സാമ്ബിളുകള്‍ പരിശോധിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പിന്‍വലിച്ച വാക്‌സിന്റെ ആയിരത്തോളം വയലുകള്‍ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നാലായിരത്തോളം വയലുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം, വാക്‌സിന്റെ ഗുണനിലവാരത്തിന് പുറമെ സൂക്ഷിച്ചതിലെ പാളിച്ച, ശീതീകരണ സംവിധാനത്തിലെ പോരായ്മ എന്നിവ വാക്‌സീന്‍ ഫലപ്രാപ്തി നഷ്ടപ്പെടാന്‍ ഇടയാക്കിയോ എന്നതും പരിശോധിക്കും. വാക്‌സീന്‍ ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍, പേവിഷം പരത്തുന്ന വൈറസിന് ജനിതക വ്യതിയാനം ഉണ്ടായോ എന്നതും പ്രധാനമാണ്.

