ന്യൂഡൽഹി: കാറുകളിൽ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കും. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. വ്യവസായ പ്രമുഖൻ സൈറസ് മിസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.
അടുത്തിടെ മുംബൈയിലേക്കുള്ള യാത്രയിലുണ്ടായ കാർ അപകടത്തിലാണ് സൈറസ് മിസ്ത്രി മരിച്ചത്. മിസ്ത്രി പിൻസീറ്റിൽ ഇരുന്നിരുന്നുവെന്നും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ടുകൾ. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
ഒരു യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉണ്ടാകുന്ന പിഴയുടെ വിശദാംശം സംബന്ധിച്ച വിജ്ഞാപനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സർക്കാർ പുറത്തിറക്കുമെന്നാണ് ഗതാഗത മന്ത്രി പ്രഖ്യാപിച്ചത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ഡ്രൈവർക്കും സഹയാത്രികർക്കും മാത്രം പിഴയുണ്ടായിരുന്നു. എന്നാൽ പിൻസീറ്റ് യാത്രക്കാരെയും ഉൾപ്പെടുത്തുന്നതിനായി നിയമം പരിഷ്കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ബീപ്പർ ശബ്ദിക്കുന്ന കാര്യം വിവിധ കാർ നിർമാതാക്കളുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ വിലയുടെയും ശ്രേണികളിലുമുള്ള കാറുകളിലും ഈ ഫീച്ചർ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

