ന്യൂഡല്‍ഹി: വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഉന്നതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിലുള്ള പകപോക്കലാണ് തനിക്കെതിരായ ഡ്രഡ്ജര്‍ അഴിമതി കേസെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. ധനകാര്യ വകുപ്പും വിജിലന്‍സ് ഡിപ്പാര്‍ട്മെന്റും തനിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം ഗൂഢാലോചന നടത്തിയാണ് അഴിമതി നടത്തിയതെന്ന വിജിലന്‍സ് കണ്ടെത്തല്‍ യുക്തിസഹമല്ലെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.
വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നല്കിയ ഹര്‍ജികള്‍ തള്ളണമെന്നും തനിക്കെതിരായ വിജിലന്‍സ് കേസ് ബാലിശമാണെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ‘മൂന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് പര്‍ച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജര്‍ വാങ്ങിയത്. എന്നാല്‍, കേസ് എടുത്തത് എനിക്കെതിരെ മാത്രമാണ്. ആരോപിച്ചിരിക്കുന്ന കുറ്റം ഗൂഡാലോചനയും. ഒരാള്‍ അദ്ദേഹത്തോട് മാത്രം ഗൂഢാലോചന നടത്തി അഴിമതി ചെയ്തുവെന്ന് പറയുന്നത് യുക്തിസഹമല്ല’- സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ജേക്കബ് തോമസ് തോമസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഹോളണ്ട് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലെ പല വസ്തുതകളും സര്‍ക്കാരില്‍ നിന്ന് മറച്ചുവച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.

