മഹാത്മാഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം മനസിലാക്കിയത്‌ നരേന്ദ്ര മോദിയാണ്: രാജ്‌നാഥ് സിംഗ്‌

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ മനസ് മനസിലാക്കുന്ന അരെങ്കിലുമുണ്ടെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനുമായ അജയ് സിങ് രചിച്ച ‘ദി ആര്‍ക്കിടെക്റ്റ് ഓഫ് ദി ന്യൂ ബിജെപി: ഹൗ നരേന്ദ്ര മോദി ട്രാന്‍സ്ഫോര്‍മഡ് ദി പാര്‍ട്ടി’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2014 ന് ശേഷം ബിജെപിയുടെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം മോദിയാണ്. മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയം മനസിലാക്കുന്ന ഒരു നേതാവുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയാണ്. അദ്ദേഹം ജനങ്ങളുടെ വികാരങ്ങളും പ്രശ്നങ്ങളും മനസിലാക്കുന്നു. ജാതിയുടേയും സമുദായത്തിന്റേയും അതിര്‍വരമ്ബുകളെ ലംഘിച്ച് എല്ലാ ജനവിഭാഗങ്ങളും ബിജെപിയെ അംഗീകരിച്ചത് നരേന്ദ്ര മോദിയുടെ ശ്രമഫലമായാണ്. മറ്റാരാലും വെല്ലുവിളിക്കാനാകാത്ത ഒരു മാതൃക അദ്ദേഹം സൃഷ്ടിച്ചു. തന്നില്‍ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയ മറ്റൊരു നേതാവ് സ്വതന്ത്ര ഇന്ത്യയിലില്ല’- രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

അതേസമയം, ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് മോദിയെന്ന് ചടങ്ങില്‍ പങ്കെടുക്കവെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശും അഭിപ്രായപ്പെട്ടു.