തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്തിനൊപ്പം എംഎല്‍എ സ്ഥാനവും രാജി വെക്കാനൊരുങ്ങി എം. വി ഗോവിന്ദന്‍. ഇതോടെ തളിപ്പറമ്ബ് മണ്ഡലം ഉപതിരഞ്ഞെടുപ്പിന് തയ്യാറാവുകയാണ്. ഗോവിന്ദന്‍ മാസ്റ്റര്‍ വെള്ളിയാഴ്ച രാജിവെക്കുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ഗൗരവമായ ചര്‍ച്ചയാകും. പകരം മന്ത്രിയായി എ.എന്‍ ഷംസീറിനെ പരിഗണിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമുഖങ്ങളെന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. അതിനാല്‍ നേരത്തെയുണ്ടായിരുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യതയില്ല. എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്ന മികച്ച പ്രൈവറ്റ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫുകളെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കത്തിലാണ്. മന്ത്രിസഭാ പുനഃസംഘടനയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പുനഃക്രമീകരണവും ഓണത്തിന് ശേഷമാണ് ഉണ്ടാകുക. അതുവരെ എംവി ഗോവിന്ദന്റെ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പുകളുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കും.
മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്നു ശക്തമായ വാദമുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും അത് താല്‍പര്യമില്ലാത്തതിനാല്‍ സാധ്യതയില്ല. എന്നാല്‍, നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിസഭയിലേക്കു വരാന്‍ സാധ്യതകളേറെയാണ്.

