ബ്ലൂംബെര്‍ഗ് പട്ടികയില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി അദാനി

ശതകോടീശ്വരന്‍മാരുടെ ബ്ലൂംബെര്‍ഗിന്റെ പട്ടികയില്‍ ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായി മാറി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. 137.4 ബില്യണ്‍ ഡോളര്‍ ആണ് അദാനിയുടെ ആസ്തി. ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് അദാനിയുചെ നേട്ടത്തിന്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്പനിയായ ലൂയി വിറ്റണ്‍ എസ്ഇ – എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമാണ് ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്ന പ്രമുഖ വ്യവസായി. 91.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി 11-ാം സ്ഥാനത്താണ്.

അതേസമയം, കഴിഞ്ഞ മാസം അദാനി ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യണ്‍ ഡോളര്‍ ആണ് 2022ല്‍ മാത്രം അദാനി തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെയും അദാനി ആദ്യം മറികടന്നിരുന്നു.