ജയലളിതയുടെ മരണം; നാലു പേർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. നാലു പേർക്കെതിരെയാണ് തമിഴ്‌നാട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി രാമമോഹൻ റാവു, മുൻ ആരോഗ്യമന്ത്രി വിജയഭാസ്‌കർ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

ജയലളിതയുടെ മരണവും 75 ദിവസത്തെ ആശുപത്രി വാസത്തിനിടെ നൽകിയ ചികിത്സയും അന്വേഷിച്ച അറുമുഖസ്വാമി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അഞ്ച് വർഷത്തിന് ശേഷമാണ് ജയലളിതയുടെ മരണം അന്വേഷിക്കാൻ രൂപീകരിച്ച കമ്മീഷൻ റിപ്പോർട്ട് നൽകിയത്. 2016 സെപ്തംബർ 22നാണ് അർധബോധാവസ്ഥയിൽ ജയലളിതയെ പോയസ് ഗാർഡനിൽ നിന്ന് ആശുപത്രിയിലെത്തിച്ചത്. 75 ദിവസം ജയലളിത ചികിത്സയിൽ കഴിഞ്ഞു. 2016 ഡിസംബർ 5നാണ് ജയലളിത അന്തരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.