ന്യൂഡൽഹി: മങ്കിപോക്സുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ട് ഐസിഎംആർ. അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലാത്തവരിൽ പോലും രാജ്യത്ത് മങ്കിപോക്സ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആർ പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടത്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരിൽ മൂന്ന്പേർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ചരിത്രമുണ്ടെന്നാണ് പഠനറിപ്പോർട്ട്.
പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പഠനത്തിൽ രണ്ടുപേർക്ക് ഒരുതരത്തിലെ ലൈംഗിക ബന്ധവും ഉണ്ടായിട്ടില്ലെന്നും മൂന്നുപേർക്ക് മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനമൊന്നുമില്ലാതെ തന്നെ 21 ദിവസങ്ങൾക്കകം രോഗലക്ഷണം കണ്ടുതുടങ്ങിയെന്നും പറയുന്നുണ്ട്. ഇവരിലാരും ബൈസെക്ഷ്വലോ സ്വവർഗലൈംഗികതയുടെയോ ചരിത്രമുളളവരല്ല. ഇവർ അഞ്ചുപേരും അന്താരാഷ്ട്ര യാത്രാചരിത്രം ഇല്ലാത്തവരാണെന്നും ഐസിഎംആറിന്റെ പഠന റിപ്പോർട്ടിലുണ്ട്.
കേസുകളെല്ലാം ചെറിയ രോഗലക്ഷണം മാത്രമുളളവരാണെന്നും വേഗം രോഗമുക്തി സാദ്ധ്യത കാണിക്കുന്നുമുണ്ട്. ആരിലും ലൈംഗികമായി പടരുന്ന രോഗങ്ങൾ കണ്ടെത്തിയില്ല. എന്നാൽ ഒരാളിൽ മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ട്. രോഗികളിൽ മൂന്നുപേർ പുരുഷന്മാരും രണ്ടുപേർ സ്ത്രീകളുമാണെന്നും ഐസിഎംആർ അറിയിച്ചു.

