തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ആരോഗ്യരംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മെഡിക്കൽ കോളേജിലെ പൂർവ്വവിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ലോകപ്രശസ്ത വൈറോളജി വിദഗ്ദർ നയിക്കുന്ന ചർച്ചകൾ ഉൾപ്പെടെ നടക്കുന്ന മൂന്ന് ദിവസത്തെ മെഡിക്കൽ കൺവെൻഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തും രാജ്യത്തും രാജ്യത്തിനു പുറത്തു നിന്നുമുള്ള രോഗികളെ പരിചരിക്കാൻ കഴിയുന്ന വിധത്തിൽ കേരളത്തെ ചികിത്സയുടെ അത്യുന്നത കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയത്താൻ ഉതകുന്ന ഇടപെടലാണു സർക്കാർ നടത്തുന്നത്. രോഗാതുരത കുറയ്ക്കുന്നതിനു പ്രാധാന്യം നൽകുന്നതിനൊപ്പം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനങ്ങൾ സൗജന്യമായി ലഭ്യമാക്കുമ്പോൾത്തന്നെ ഇൻഷ്വറൻസ് സൗകര്യങ്ങളുൾപ്പെടെ നൽകി ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. കാരുണ്യയും മെഡിസെപ്പും ഇതിന് ഉതകുന്ന മുൻകൈകളാണ്. പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാട്. എല്ലാ വിഭാഗം ജനങ്ങൾക്കും മികവുറ്റ ആരോഗ്യ സേവനങ്ങൾ പ്രാപ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കണം.
വികസിത രാജ്യങ്ങൾക്കു തുല്യമായ നിലയിലുള്ള നേട്ടങ്ങളാണ് ആരോഗ്യ രംഗത്തിന്റെ ചില മേഖലകളിൽ കേരളം കൈവരിച്ചത്. കേരളത്തിലെ കുറഞ്ഞ ശിശുമരണ, മാതൃമരണ നിരക്കുകൾ വികസിത രാജ്യങ്ങൾക്കു തുല്യമായ അവസ്ഥയിലാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിലും കേരളം മുന്നിലാണെന്ന് അദ്ദേഹം അറിയിച്ചു.
ദേശീയതലത്തിൽ മികച്ച ആശുപത്രികൾക്കുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ ആദ്യ സ്ഥാനങ്ങൾ കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണു ലഭിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധം ലോകം പ്രകീർത്തിച്ചതാണ്. ഇത്തരം നേട്ടങ്ങൾക്കു പിന്നിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ വഹിച്ച പങ്കും വലുതാണ്. വ്യക്തിശുചിത്വത്തിനു പ്രാധാന്യം നല്കുന്നതായിരുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ജനകീയാസൂത്രണ പ്രക്രിയ ആരോഗ്യ മേഖലയേയും പൊതുജനാരോഗ്യ സംവിധാനങ്ങളേയും പൊതുജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുത്തി. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ അധികാര വികേന്ദ്രീകരണം നടന്ന നാടാണു കേരളം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണു നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ 1996ൽ 22 ശതമാനം ജനങ്ങൾ ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രികൾ ഇപ്പോൾ 60 ശതമാനമായി ഉയർന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

