ആരാധാനാലയങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ആരാധാനാലയങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് മാനദണ്ഡം നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധാനാലയങ്ങൾ അടച്ച് പൂട്ടണമെന്നും നിയന്ത്രണം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാൻ അനുമതി തേടി മലപ്പുറത്തെ നൂറുൽ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നൽകിയിരുന്നു. ജില്ലാ കളക്ടർക്കാണ് അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ ജില്ലാ കളക്ടർ തള്ളി. ഇതിനെതിരെ ഇസ്ലാമിക സാംസ്‌കാരിക സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.

ആരാധനാലയങ്ങൾക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ സമാനമായ ആരാധനാലയങ്ങൾ തമ്മിലുള്ള ദൂരപരിധി പരിശോധിക്കേണ്ടത് നിർബന്ധമാണെന്ന് ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി.

ഒരു കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാനുള്ള അപേക്ഷ പാടില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലറിറക്കണം. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകുവാൻ പാടുള്ളു. കെട്ടിടം പണിത ശേഷം അത് ആരാധനാലയമാക്കാൻ അപൂർവങ്ങളിൽ അപൂർവമായി അനുമതി നൽകുകയാണെങ്കിൽ തന്നെ അത് പോലീസ് റിപ്പോർട്ടിന്റേയും ഇന്റലിജൻസ് റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.