പരാമർശത്തിൽ ഖേദമില്ല; ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണെന്ന് എം എം മണി

തിരുവനന്തപുരം: കെ കെ രമ എംഎൽഎയെ നിയമസഭയിൽ അധിക്ഷേപിച്ച് നടത്തിയ പ്രസംഗിച്ചതിൽ ഉറച്ചുനിൽക്കുന്നതായി സിപിഎംനേതാവ് എം എം മണി. തന്റെ പരാമർശത്തിൽ ഖേദമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഒരു വർഷത്തിലേറെയായി രമ മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊലയാളിയാണെന്ന തരത്തിൽ വരെ രമ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അതെന്ത് മര്യാദയാണെന്ന് എം എം മണി ചോദിക്കുന്നു. കെ കെ രമ ഇത്രനാളും മുഖ്യമന്ത്രിയെ തേജോവധം ചെയ്തപ്പോൾ തങ്ങളാരും പ്രതികരിച്ചില്ല. സഭയിലില്ലാത്ത രമ വൈകുന്നരം വന്നപ്പോൾ പ്രതിപക്ഷം അവർക്ക് പ്രത്യേകം സമയമനുവദിച്ചെന്നും അദ്ദേഹം വിമർശിച്ചു.

വിധവയല്ലേ എന്ന് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേ എന്ന് താൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ല അത് തെറ്റായി തോന്നുന്നത് ദൈവവിശ്വാസികൾക്കാണെന്നും താൻ ദൈവവിശ്വാസിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭയിൽ ആർക്കും പ്രത്യേക പദവിയില്ല. സഭയിൽ പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി പറഞ്ഞിട്ടല്ല. തന്റെ വാക്കുകളിൽ രമയ്ക്ക് വേദനയുണ്ടെങ്കിൽ താൻ എന്തുവേണമെന്നും മണി ചോദിച്ചു. മഹതി എന്ന് രമയെക്കുറിച്ച് പറഞ്ഞപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ടി.പി ചന്ദ്രശേഖരന്റെ വധത്തിൽ പാർട്ടിയ്ക്ക് പങ്കില്ല. അങ്ങനെയൊരു കൃത്യം പാർട്ടി തീരുമാനിച്ച് ചെയ്തതല്ലെന്നും എം എം മണി കൂട്ടിച്ചേർത്തു.