ലോക ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് വേദിയായി അമേരിക്ക

ന്യൂയോര്‍ക്ക്: ആദ്യമായി ലോക ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് വേദിയായി അമേരിക്ക. അമേരിക്കയിലെ ഓറിഗോണിലെ യൂജിനിലുള്ള ഹെയ്വാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒറിഗോണ്‍ സര്‍വ്വകലാശാലയുടെ ക്യാമ്ബിസിനകത്താണ് 1921ല്‍ പണികഴിപ്പിച്ച ഹെയ്വാര്‍ഡ് സ്റ്റേഡിയമുള്ളത്. യൂജിനെ ട്രാക്ക് ടൗണെന്ന വിളിപ്പേരുമുണ്ട്.

ആറ് റോഡ് ഇനങ്ങള്‍ ഉള്‍പ്പടെ 49 ഇനങ്ങളിലാണ് താരങ്ങള്‍ മാറ്റുരയ്ക്കുന്നത്. ഈ മാസം 15 മുതല്‍ 24 വരെയാണ് ട്രാക്ക് ഉണരുന്നത്. ഇന്ത്യയ്ക്കായി ജാവലിന്‍ ഒളിമ്ബിക്സ് ചാമ്ബ്യന്‍ നീരജ് ചോപ്രയാണ് ലോകവേദിയില്‍ മെഡല്‍ പ്രതീക്ഷയില്‍ ഇറങ്ങുന്ന താരം.

ഒളിമ്ബിക്സ് കഴിഞ്ഞാല്‍ ലോകോത്തര കായിക താരങ്ങളെല്ലാം ഒരുമിച്ച് എത്തുന്ന ട്രാക്ക് ആന്റ് ഫീല്‍ഡ് മത്സരം മിനി ഒളിമ്ബിക്സായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇവിടെ നേട്ടം കൊയ്യുന്നവര്‍ തന്നെയാണ് ഒളിമ്ബിക്സിലും പോരാടുന്നതെന്നതിനാല്‍ ഏറെ വീറോടെയാണ് പോരാട്ടം നടക്കുക. ആകെ 12650 പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ സാധിക്കുക. എന്നാല്‍, സുപ്രധാന മത്സരങ്ങളില്‍ ഇതിന്റെ ഇരട്ടി കാണികള്‍ വരെ സ്റ്റേഡിയത്തില്‍ എത്തിയാലും ഇരിക്കാനുള്ള സൗകര്യമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. 2021ല്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് 2022ലേയ്ക്ക് മാറ്റേണ്ടിവന്നത്.