ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ വിശദീകരണവുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല. പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാ റെക്കോർഡുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും അദ്ദേഹം വിശദീകരിച്ചു.
വിഷയത്തിൽ അഭിപ്രായം പറയുന്നത് പാർലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ്. സർക്കാരിൽ നിന്ന് സ്വതന്ത്രമാണ് നിയമനിർമാണ സഭകൾ. അംഗങ്ങൾക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. ആ അവകാശം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, പക്ഷേ പാർലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സന്ദർഭവും അംഗങ്ങൾ ഉന്നയിച്ച എതിർപ്പും കണക്കിലെടുത്താണ് വാക്കുകൾ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങൾ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്. നേരത്തെ, ഇത്തരം അൺപാർലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. കടലാസ് പാഴാകാതിരിക്കാൻ തങ്ങൾ അത് ഇന്റർനെറ്റിൽ ഇടുകയും ചെയ്തിരുന്നു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ ഒരു സമാഹാരം ഞങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 1954 മുതൽ അൺപാർലമെന്ററി വാക്കുകൾ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

