കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതി പ്രകാരമുള്ള ആറ് മാസത്തെ പരിശീലന കാലയളവിനിടെ എന്തെങ്കിലും അപകടം സംഭവിച്ച് വൈദ്യ സഹായം ആവശ്യമായി വരുന്ന അഗ്‌നിവീരന്‍മാര്‍ക്ക് പ്രത്യേകം ഇന്‍സെന്റീവുകള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായി സൂചന. പദ്ധതി അനുസരിച്ച്, അഗ്‌നിവീരന്‍മാര്‍ക്ക് നാലു വര്‍ഷത്തെ സേവന കാലാവധിയാണ് ഉണ്ടായിരിക്കുക.
ഇതിനിടയില്‍ ഏതെങ്കിലും അപകടം സംഭവിച്ച് വൈദ്യസഹായം ആവശ്യമായി വരുന്ന ഒരു അഗ്‌നിവീരന് ശേഷിക്കുന്ന സേവനകാലാവധിയില്‍ ലഭിക്കേണ്ട മുഴുവന്‍ ശമ്പളവും ലഭിക്കും. കൂടാതെ സേവാ നിധി പദ്ധതിക്കു കീഴില്‍ അഗ്‌നിവീരന്‍മാര്‍ക്കു ലഭിക്കുന്ന 11.75 ലക്ഷം രൂപക്കും ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പരിശീലന വേളയില്‍ അപകടങ്ങള്‍ സംഭവിക്കുന്ന അഗ്‌നിവീരന്മാര്‍ക്ക് പണമോ അല്ലെങ്കില്‍ സ്ഥിരമായ തൊഴിലവസരങ്ങളോ പെന്‍ഷനോ പോലുള്ള അധിക സഹായം നല്‍കാനാകുമോ എന്ന കാര്യം മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തതായും ചൂണ്ടിക്കാട്ടി.
അതേസമയം, നിലവില്‍ പരിശീലന കാലയളവില്‍ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഇത്തരം ഇന്‍സന്റീവുകള്‍ ലഭിക്കില്ല. പരിശീലന കാലയളവ് അവസാനിച്ച് കമ്മീഷന്‍ ചെയ്തതിന് ശേഷമാണ് സേവന കാലാവധി ആരംഭിക്കുന്നത്. പരിശീലന സമയത്ത് അപകടം സംഭവിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന ആവശ്യം സേനാംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉന്നയിച്ചിരുന്നെങ്കിലും ഇതുവരെ പരിഗണിച്ചിരുന്നില്ല.

