ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്തതിൽ അതിശയമില്ല; പി ജയരാജൻ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ആർഎസ്എസ് പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്തതിൽ അതിശയമില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ വ്യക്തമാക്കി. കോൺഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ വർഗ്ഗീയ സംഘടനകളോടുള്ള കോൺഗ്രസിന്റെ മൃദു സമീപനം കെ സുധാകരൻ ചുമതലയേറ്റതോടെ കൂടിയെന്നും അദ്ദേഹം വിശദമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, സതീശനെതിരെ ആരോപണവുമായി ഹിന്ദു ഹൈക്യവേദി നേതാവ് ആർ വി ബാബു വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. വിഡി സതീശൻ ആർഎസ്എസിനോട് വോട്ട് ചോദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

2001 ലും 2006 ലും സതീശൻ ആർഎസ്എസ് നേതാവിനെ രഹസ്യമായി കണ്ടിരുന്നു. പറവൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്ന് സതീശൻ കള്ളം പറയുന്നു. സതീശൻ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ മോശം പശ്ചാത്തലം എന്താണെന്നു സതീശൻ പറയണം. സ്വപ്ന സുരേഷിൻറെ നല്ല പശ്ചാത്തലം ആയത് കൊണ്ടാണോ സതീശൻ മറുപടി പറയുന്നത്. സരിതയുടെ പശ്ചാത്തലം മനസിലാക്കിയാണോ സതീശൻ പ്രതികരിച്ചതെന്നും അദ്ദേഹം ചോദിച്ചു. സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം കളവാണെങ്കിൽ നിയമ നടപടി സ്വീകരിക്കൂവെന്നും ആർ വി ബാബു അറിയിച്ചു.