ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര വീണ്ടും ചർച്ചയാകുന്നു. ഗോവയിൽ കോൺഗ്രസ് പ്രതിസന്ധി ഘട്ടത്തെ അഭിമുഖീകരിക്കുമ്പോഴാണ് രാഹുലിന്റെ വീണ്ടും അഭാവം ചർച്ചാ വിഷയമാകുന്നത്. വിദേശ സന്ദർശനത്തിനായി ചൊവ്വാഴ്ച്ചയാണ് രാഹുൽ ഗാന്ധി ഇന്ത്യയിൽ നിന്നും തിരിച്ചത്. ജൂലൈ 17 നാണ് രാഹുൽ ഗാന്ധി തിരിച്ചെത്തുകയെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, യാത്ര എവിടേയ്ക്കാണ് എന്നത് ഇപ്പോഴും അജ്ഞാതമാണ്. യാത്ര എന്താവശ്യത്തിനാണെന്നും വിശദീകരിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. ഗോവയിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ വിമത നേതാക്കൾക്കെതിരെ ശക്തമായ നടപടിയിലേക്ക് കോൺഗ്രസ് കടക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മൈക്കിൾ ലോബോയെ നീക്കിയത് ഇതിന്റെ ഭാഗമായാണ്.
സംസ്ഥാനത്തെ സ്ഥിതി നിരീക്ഷിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിനോട് നിർദ്ദേശിച്ചു. ഗോവയിലെ കോൺഗ്രസ് എംഎൽഎമാർക്ക് വൻ തുക വാഗ്ധാനം ചെയ്ത് പിളർപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ മെയ് മാസം രാഹുൽ ഒരു നിശാക്ലബിലെ പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ വൈറലായിരുന്നു.

