കൊളംബോ: ശ്രീലങ്കയിൽ പുതിയ സർക്കാരുണ്ടാക്കാൻ തയ്യാറാണെന്ന് മുഖ്യ പ്രതിപക്ഷമായ എസ് ജെ ബി പാർട്ടി. അടുത്തമാസം രാജ്യത്ത് സർവകക്ഷി സർക്കാർ ഉണ്ടാക്കുമ്പോൾ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടുമെന്ന് എസ് ജെ ബി നേതാവ് സജിത്ത് പ്രേമദാസ അറിയിച്ചു. പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയോഗിക്കാൻ പാർട്ടി തയ്യാറാണ്. ആരെങ്കിലും ഇതിനെ എതിർക്കുകയോ പാർലമെന്റിൽ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്താൻ അത് വഞ്ചനാകരമായ നടപടിയായി കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സ്ഥിരതയുള്ള ഭരണം നൽകാൻ കഴിയും. സാമ്പത്തിക മേഖലയെ കരകയറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. സ്ഥാനമൊഴിയുന്നതുവരെ പ്രസിഡന്റിന്റെ വസതിയിൽ തന്നെ തുടരുമെന്ന് പ്രക്ഷോഭകർ അറിയിച്ചു. പ്രസിഡന്റ് രാജി വെക്കണം, സർക്കാർ ഒഴിയണം, എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭകർ മുന്നോട്ടുവെയ്ക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരം കൈയ്യേറിയ പ്രക്ഷോഭകരുടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭകർ കൊട്ടാരത്തിലെ നീന്തൽക്കുളത്തിൽ നീരാടുന്നതിന്റെയും ഭക്ഷണവസ്തുക്കൾ കഴിക്കുന്നതിന്റെയും കിടപ്പുമുറിയുൾപ്പെടെ കയ്യടക്കി വിശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പ്രചരിച്ചിരുന്നത്.

