‘ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്; ഇന്നും അവര്‍ക്കൊപ്പമാണ്’: പൃഥ്വിരാജ്‌

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍ വ്യക്തമാക്കി. ‘കടുവ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. നടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ അവരില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ അറിയാമായിരുന്നുവെന്നും, യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത ‘അമ്മ’യുടെ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.

‘ആദ്യം പറഞ്ഞ സംഭവത്തില്‍, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ ഒരുപാട് സിനിമകള്‍ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരില്‍ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തില്‍ അവര്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാന്‍ മാത്രമല്ല, അവര്‍ക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേര്‍ക്കും ഇതേ നിലപാടാണ്’ പൃഥ്വിരാജ് പറഞ്ഞു. പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഞാന്‍ തയ്യാറെടുത്തിട്ടില്ല. ആ യോഗത്തില്‍ (വിജയ് ബാബു പങ്കെടുത്ത ‘അമ്മ’ സംഘടനയുടെ യോഗം) ഞാനും പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാന്‍ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനുമാകില്ല’ -പൃഥ്വിരാജ് വിശദീകരിച്ചു. അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു.