തൃശൂര്‍: പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്ക്കുന്ന ചിത്രം വ്യാജമാണെന്നും ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നും മുന്‍ ഡിജിപി ആര്.ശ്രീലേഖ പറയുമ്പോഴും ചിത്രത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ പറയുന്നു. തൃശൂര്‍ സ്വദേശിയായ ബിദിലാണ് ദിലീപിനൊപ്പമുള്ള ചിത്രം പകര്‍ത്തിയത്. ഇക്കാര്യത്തില്‍ ശ്രീലേഖയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും ബിദില്‍ പറഞ്ഞു.
‘പുഴയ്ക്കല്‍ ടെന്നീസ് ക്ലബ്ബില്‍ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് സെല്‍ഫിയെടുത്തത്. അന്ന് ദിലീപിനെ കണ്ട കൗതുകത്തില്‍ ഫോണില്‍ എടുത്ത സെല്‍ഫിയാണത്. എടുത്ത ഉടന്‍ തന്നെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. യാതൊരു വിധത്തിലുള്ള എഡിറ്റിങ്ങും ഫോട്ടോയില്‍ ചെയ്തിട്ടില്ല. പിന്നീട് വാര്‍ത്തയില്‍ കണ്ട ശേഷമാണ് ആ ചിത്രത്തില്‍ ദിലീപിനൊപ്പമുള്ളത് പള്‍സര്‍ സുനിയാണെന്ന് അറിഞ്ഞത്’- ബിദില്‍ വ്യക്തമാക്കി.
അതേസമയം, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖയുടെ ആരോപണം. ‘ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരന് വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാര്‍ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്’- ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നു.

