സ്വർണക്കടത്ത് കേസിൽ സത്യം പുറത്തു വരും; വിദേശകാര്യമന്ത്രി എസ് ജയശങ്കർ

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സ്വർണക്കടത്ത് കേസിൽ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.

യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏതൊരു വ്യക്തിയും നിയമവിധേയമായി പ്രവർത്തിക്കണം. നടക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം വിശദമാക്കി. കേരളത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എസ്.ജയശങ്കർ കഴിഞ്ഞ ദിവസം നവോത്ഥാന നായകൻ ശ്രീമദ് ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനക്ഷേത്രത്തിൽ (കണ്ണമ്മൂല) ദർശനം നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് മെമ്പറുമായ സംഗീത് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സംഘടിപ്പിച്ച ജനപ്രതിനിധി സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷ വി.ടി.രമ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ പങ്കെടുത്തു.