ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ നിയമനം; അപേക്ഷ സമർപ്പിക്കാം

ന്യൂഡൽഹി: ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ (ഐടിബിപി) നിയമനം. 37 സബ് ഇൻസ്‌പെക്ടർ (sub inspector) (ഓവർസീർ) ഒഴിവുകളിലേക്കാണ് ഐടിബിപി അപേക്ഷ ക്ഷണിച്ചത്. ജൂലൈ 16 മുതലാണ് അപേക്ഷ നടപടികൾ ആരംഭിക്കുന്നത്.

ഓഗസ്റ്റ് 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ itbpolice.nic.in വഴി അപേക്ഷ നൽകാം. സബ് ഇൻസ്‌പെക്ടർ പൊലീസ് ഓവർസീയർ (പുരുഷൻ) തസ്തികയിൽ 32 ഒഴിവുകളാണുള്ളത്. 35400 – 112400 രൂപ വരെയാണ് പേ സ്‌കെയിൽ.

സബ് ഇൻസ്‌പെക്ടർ പൊലീസ് ഓവർസീയർ (വനിത) തസ്തികയിൽ 5 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണമെന്നതാണ് യോഗ്യത. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഇറ്റി, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്, മെഡിക്കൽ എക്‌സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.