ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യത; ക്യു ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇതുസംബന്ധിച്ച വിവരം നൽകിയത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് വിവരം.

കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും അഭയാർത്ഥികൾ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. രാമേശ്വരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം, ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് വിക്രമസിംഗെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താൻ രാജിവക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയിൽ വലിയ കലാപമാണ് പ്രക്ഷോഭകർ നടത്തുന്നത്.