ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് വിക്രമസിംഗെ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താൻ രാജിവക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശ്രീലങ്കയിൽ വലിയ കലാപമാണ് പ്രക്ഷോഭകർ നടത്തുന്നത്.

ശ്രീലങ്കൻ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വസതി ശനിയാഴ്ച്ച പ്രക്ഷോഭകർ കയ്യേറിയിരുന്നു. സുരക്ഷാ സേനകളെയെല്ലാം മറികടന്നായിരുന്നു പ്രക്ഷോഭകരുടെ പ്രകടനം.

ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.