താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ പ്രസ്ഥാനം മുന്നോട്ട് പോകില്ല; സിനിമ സംഘടനകളുടെ അടിയന്തരയോഗം ചേരാൻ തീരുമാനം

കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സിനിമ സംഘടനകളുടെ അടിയന്തരയോഗം ചേരാൻ തീരുമാനം. ഈ മാസം 15 നാണ് എല്ലാ സംഘടനകളെയും ഒരുമിച്ചിരുത്തി യോഗം ചേരുന്നത്. താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച നടക്കുമെന്നാണ് വിവരം.

കോവിഡ് വൈറസ് വ്യാപനത്തിന് ശേഷമുള്ള മലയാള സിനിമയിലെ പ്രതിസന്ധിയിൽ നിന്ന് മലയാള സിനിമ കരകയറാൻ താരങ്ങൾ ശമ്പളം കുറയ്ക്കണം എന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടിരുന്നു. പല സിനിമകൾക്കും തിയേറ്ററിൽ ആളില്ല. ഈ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ പ്രസ്ഥാനം മുന്നോട്ട് പോകില്ലെന്ന് നിർമ്മാതാവും കേരള ഫിലിം ചേംബർ പ്രസിഡന്റുമായ സുരേഷ് കുമാർ വ്യക്തമാക്കി.

നടന്മാർ വന്ന് അവരുടെ പടങ്ങളുടെ തിയേറ്റർ കളക്ഷൻ നോക്കൂ. തിയേറ്ററിൽ കളക്ഷൻ കുറവാണ്. ആകെ ഒരു അനക്കം ഉണ്ടായത് ‘കടുവ’ വന്നപ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ ആഴ്ച കടുവ വന്നില്ലായിരുന്നു എങ്കിൽ തിയേറ്റർ ഒരാഴ്ച അടച്ചിടുമായിരുന്നു. പല പടങ്ങളും വന്നിട്ട് കളക്ഷൻ ആകുന്നില്ല. പ്രൊഡക്ഷൻ കോസ്റ്റ് ക്രമാതീതമായി വർധിച്ചു. എല്ലാവർക്കും ജീവിക്കേണ്ടേ, വലിയൊരു ഇൻഡസ്ട്രിയല്ലേ. ഒരു തടയിട്ട് നിർത്താതെ പറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താരങ്ങളും പ്രധാന ടെക്നീഷ്യന്മാരും ശമ്പളം കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പല താരങ്ങളുടെയും ഡേറ്റ് ഉൾപ്പടെ നിയന്ത്രിക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർമാരാണ്. ഇത് ഇനിയും തുടരാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.