ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് മസ്‌ക്‌

ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കിയില്ലെങ്കില്‍ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്മാറുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് പരാമര്‍ശിച്ചുകൊണ്ടുള്ള കത്ത് മസ്‌ക് ട്വിറ്ററിന് നല്‍കിയിരുന്നു. ഈ കാരണം തന്നെയാണ് ഇപ്പോള്‍ കരാറില്‍ നിന്നും പിന്മാറാനും മസ്‌ക് എടുത്ത് പറയുന്നത്. ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍അറിയിച്ചു. ഇതോടെ ലോകത്തെ ഒന്നാമത്തെ സമ്ബന്നനും ആഗോളതലത്തില്‍ പ്രമുഖരായ ടെക് കമ്ബനിയും തമ്മിലുള്ള കൗതുകകരമായ നിയമപ്പോരാട്ടത്തിനും തുടക്കമാവും.

പ്രതിദിനം 1 ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകള്‍ മസ്‌ക് കമ്ബനിയോട് ആവശ്യപ്പെട്ടു. സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസമാണ് മസ്‌ക് പ്രസ്താവിച്ചത്. ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരങ്ങളായി മസ്‌ക് എടുത്ത് കാണിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്‌ക് പ്രഖ്യാപിച്ചത്.