ന്യൂഡൽഹി: രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ ശുപാർശ നൽകി നാഷണൽ ടെക്നിക്കൽ അഡൈ്വസറി വിഭാഗം. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്.
എന്നാൽ, 6 വയസ്സിന് മുകളിലും 12 ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ നൽകാവുന്നതാണെന്നും എൻടിഎജിഐ അറിയിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളിലും വാക്സിനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം പറഞ്ഞു. നിലവിൽ 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നൽകുന്നത്.

