ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അഞ്ച് ദിവസത്തേക്കാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
സുബൈറിനെതിരെ ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ഡൽഹി പൊലീസാണ് മാദ്ധ്യമപ്രവർത്തകനും ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
‘@balajikijaiin’ എന്ന ട്വിറ്റർ ഉപയോക്താവാണ് മുഹമ്മദ് സുബൈറിനെതിരെ പരാതി നൽകിയത്. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂർവമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈർ ട്വീറ്റ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. 2018-മാർച്ചിലാണ് സുബൈർ ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നത്. മറ്റൊരു കേസിലെ ചോദ്യം ചെയ്യലിന് മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് വിളിപ്പിച്ചിരുന്നതായി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ പ്രതീക് സിൻഹ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ കേസിൽ അറസ്റ്റിൽ നിന്ന് സുബൈറിന് കോടതി സംരക്ഷണവും നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു പുതിയ കേസിൽ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പ്രതീകിന്റെ ആരോപണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പോലീസ് എഫ്.ഐ.ആർ. കോപ്പി നൽകിയില്ലെന്നും പ്രതീക് വെളിപ്പെടുത്തിയിരുന്നു.

