തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജി ഉചിതവും സന്ദർഭോചിതവുമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ ജി സെന്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സിപിഎം ഭരണഘടന അംഗീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ്. തന്റെ പ്രസംഗത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാൻ പെട്ടെന്ന് തന്നെ രാജിവെക്കാൻ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ഒരു മാതൃക കൂടിയാണ് സജി ചെറിയാൻ സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്നങ്ങളെല്ലാം ഇപ്പോൾ അപ്രസക്തമായിരിക്കുകയാണ്. സജി ചെറിയാൻ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കിൽ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്നനിലപാടല്ലേ പാർട്ടി പറയുകയെന്നും അദ്ദേഹം ചോദിച്ചു. സംസാരിച്ച കൂട്ടത്തിൽ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോയെന്നും കോടിയേരി കൂട്ടിച്ചേർത്തു.

