ന്യൂഡൽഹി: സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് ഉപദേശവുമായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. സംസ്ഥാനങ്ങൾ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുംബൈയിൽ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ധനവിനിയോഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആകസ്മിക ബാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സഹകരണ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ജൂലൈ 2 ലെ ആർബിഐയുടെ കണക്കുകൾ പ്രകാരം ജൂലൈ-സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ 2.12 ലക്ഷം കോടി രൂപ ബോണ്ടുകൾ വഴി വായ്പയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജൂലൈയിൽ 62,640 കോടി രൂപയും ഓഗസ്റ്റിൽ 81,582 കോടി രൂപയും 67,330 കോടി രൂപയും സംസ്ഥാനങ്ങൾ ശേഖരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സാധാരണയായി എല്ലാ ചൊവ്വാഴ്ചയുമാണ് സംസ്ഥാന കടം ലേലം നടക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈ മാസത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ് ജൂലൈ- സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ കടമെടുത്തത്. 1.6 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമാഹരിച്ച 1.1 ലക്ഷം കോടി രൂപയേക്കാൾ ഇരട്ടി കൂടുതലാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎറിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

