ന്യൂഡൽഹി: സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മധ്യപ്രദേശ് പൊലീസ്. സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസിന്റെ നടപടി. ലീന ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് മധ്യപ്രദേശ് സൈബർ ക്രൈം പൊലീസ് ട്വിറ്റർ ലീഗൽ ഡിപ്പാർട്ട്മെന്റിന് കത്തയച്ചിട്ടുണ്ട്.
പോസ്റ്റിനെതിരെ സെക്ഷൻ 295 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ ട്വിറ്ററിനെ അറിയിച്ചു. 36 മണിക്കൂറിനകം ട്വീറ്റ് നീക്കം ചെയ്യണം എന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലീന മണിമേഖലക്കെതിരെ ലുക്ക് നോട്ടീസ് പുറപ്പെടുവിച്ച വിവരം മധ്യപ്രദേശ് പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ മധുര സ്വദേശിയായ ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്ററിൽ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ളാഗും കാണാം. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അതേസമയം, കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ലീന മണിമേഖലയ്ക്കെതിരെ ഉത്തർപ്രദേശ് പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് ലീനയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

