രാജിയ്ക്ക് ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ട്; ചുമതലകൾ മറ്റൊരു മന്ത്രിക്ക് നൽകാൻ തീരുമാനം

തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്ന് മന്ത്രി സ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാൻ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി കൊണ്ട്. മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചിരുന്ന ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് നിലവിലെ തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് സിപിഎമ്മിലുണ്ടായ ധാരണ.

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായതിന് പിന്നാലെയാണ് സജി ചെറിയാൻ രാജിവെച്ചത്. വൈകിട്ട് അഞ്ച് മണിയോടെ സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാടെടുക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. ഇത് കൂടി കണക്കിലെടുത്താണ് സിപിഎമ്മിന്റെ തീരുമാനം.

അതേസമയം, മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്. താനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.