രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിലെ 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ റിമാന്‍ഡിലായിരുന്ന 29 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസില്‍ ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. ശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍, പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.