ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാടാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയത്. പ്രതിയെ സമ്മര്‍ദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ജൂണ്‍ 27 മുതല്‍ മുതല്‍ ജൂലായ് മൂന്ന് വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍, ഈ സമയപരിധി സുപ്രീം കോടതി നീക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനോ പാടില്ല. അതിജീവിതയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുത്. സംസ്ഥാനത്തിന് പുറത്ത് പോകുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജയ് ബാബു നശിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ഫോണിലെ പല സന്ദേശങ്ങളും മായ്ച്ച് കളഞ്ഞെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ വിജയ് ബാബു മാത്രമല്ല, അതിജീവിതയും ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍, അതിജീവിത ഇപ്പോഴും സന്ദേശങ്ങള്‍ അയക്കുന്നതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചു. സമൂഹത്തില്‍ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അതിജീവിതയുടെ അഭിഭാഷകര്‍ തിരിച്ച് മറുപടി നല്‍കി.

