തിരുവനന്തപുരം: ഭരണഘടനക്കെതിരായ പരാമർശത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി സജി ചെറിയാൻ. ഭരണഘടനക്കെതിരായ വിവാദ പരാമർശത്തിൽ താൻ എന്തിന് രാജിവെക്കണമെന്ന് സജി ചെറിയാൻ ചോദിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎമ്മിന്റെ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തുവരുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജിവെക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താൻ എന്തിന് രാജിവെക്കണമെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
വിവാദത്തിൽ തന്റെ പ്രതികരണം കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അർഥം നൽകി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ സജി ചെറിയാൻ വിശദീകരിച്ചത്. ഇന്ന് നിയമസഭ എട്ട് മിനിട്ട് മാത്രമാണ് ചേർന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും സജി ചെറിയാൻ ആരോപിച്ചു.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ താൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സർക്കാർ മുതലാളിമാർക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ ഇന്ത്യൻ ഭരണഘന അവർക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

