ബ്രിട്ടണിൽ ബോറിസ് ജോൺസൺ സർക്കാർ പ്രതിസന്ധിയിൽ; ഇന്ത്യൻ വംശജനായ ധനകാര്യ മന്ത്രി ഋഷി സുനാകും ആരോഗ്യ മന്ത്രി സാജിദ് ജാവിദും രാജിവെച്ചു

ലണ്ടൻ: ബ്രിട്ടണിൽ ബോറിസ് ജോൺസൺ സർക്കാർ പ്രതിസന്ധിയിൽ. ഇന്ത്യൻ വംശജനായ ധനകാര്യ മന്ത്രി ഋഷി സുനാകും ആരോഗ്യ മന്ത്രി സാജിദ് ജാവിദും സർക്കാരിനെ പ്രതിസന്ധിയിലാക്കി രാജി വച്ചു. സർക്കാരിൽ നിന്ന് ഒഴിയുന്നതിൽ വിഷമം ഉണ്ടെങ്കിലും, തങ്ങൾക്ക് ഇങ്ങനെ തുടരാൻ ആവില്ലെന്ന നിഗമനത്തിൽ എത്തിയതായി ഋഷി സുനാക് രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാരിനെ ശരിയായ രീതിയിൽ, കാര്യക്ഷമതയോടെയും ഗൗരവത്തോടെയും ഭരിക്കണമെന്നാണ് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് ഒരുപക്ഷേ തന്റെ അവസാനത്തെ മന്ത്രിപദവി ആയിരിക്കാമെന്ന് താൻ തിരിച്ചറിയുന്നുണ്ടെന്നും എന്നാൽ, പൊജുജനം പ്രതീക്ഷിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കാൻ, രാജിയാണ് ഉത്തമെന്നും ഋഷി സുനാക് അറിയിച്ചു.

അതേസമയം, മനസാക്ഷിയ്ക്ക് വിരുദ്ധമായി ഇനി തുടരാനാവില്ലെന്നാണ് സാജിദ് ജാവിദ് വ്യക്തമാക്കുന്നത്. നിരവധി ജനപ്രതിനിധികൾക്കും, ജനങ്ങൾക്കും ബോറിസ് ജോൺസണിൽ വിശ്വാസം നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി. ജോൺസന്റെ നേതൃത്വത്തിന് കീഴിൽ നിലവിലെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് രാജിവെയ്ക്കുന്നത്. ഒന്നിന് പുറമേ ഒന്നായി വന്ന വിവാദങ്ങളോടെ ദേശീയ താൽപര്യത്തിന് അനുസരിച്ച് ഭരണം നടത്താൻ ഉള്ള ബോറിസ് ജോൺസന്റെ ശേഷിയിൽ തനിക്ക് വിശ്വാസം നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.