ഇന്ത്യൻ ഭരണഘടന ഇപ്പോഴും പൗരന്റെ പല മൗലികാവകാശങ്ങളെയും അംഗീകരിക്കുന്നില്ല; ബൃന്ദ കാരാട്ട്

കണ്ണൂർ: ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇന്ത്യൻ ഭരണഘടന ഇപ്പോഴും പൗരന്റെ പല മൗലികാവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. കണ്ണൂർ സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ബൃന്ദയുടെ പരാമർശം.

ഭരണഘടന രൂപപ്പെടുത്തിയപ്പോൾ, പൗരന്റെ പല മൗലികാവകാശങ്ങളെയും മാർഗനിർദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണ് ചെയ്തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്തിയാണ് നമ്മളെന്ന സാഹചര്യമാണ് നിലവിലുള്ളത്. പക്ഷേ, തീവ്ര വലതു പക്ഷത്തിൽ നിന്നു നമ്മൾ സംരക്ഷിക്കേണ്ട ഭരണഘടന, തൊഴിലിനുള്ള അവകാശമടക്കം മൗലികാവകാശങ്ങളെ അംഗീകരിക്കുന്നില്ലെന്ന കാര്യം മറക്കരുതെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി.

വിദ്യാഭ്യാസം മൗലികാവകാശമെന്ന നിലയിൽ ഭരണഘടനയിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളും പുരോഗമന ശക്തികളും പൊതുസമൂഹവും ഏറെക്കാലം നടത്തിയ പോരാട്ടത്തിന് ശേഷമാണ്. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിയമമായത്. നിലവിലുള്ള ചുരുക്കം അവകാശങ്ങൾ പോലും ഇല്ലാതാക്കുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.