എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്‌ഫോടക വസ്തു

എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പോലീസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍, എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതും പിന്നീടു തിരിച്ചുവന്നാണു സ്ഫോടക വസ്തു എറിയുന്നതെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.