ബഫര്‍ സോണ്‍: സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണ സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരാനുള്ള സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍. വിശദ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ (എ.ജി.) ചുമതലപ്പെടുത്തി. വിധിയില്‍ കേരളം 12 ന് ഭേദഗതി ഹര്‍ജി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ നേരില്‍ കണ്ടു കേരളത്തിന്റെ ആശങ്കകള്‍ ഉന്നയിക്കുവാനും സാധ്യതയുണ്ട്.

അതേസമയം, ഈ മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ഉന്നതാധികാര സമിതിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച് അനുകൂലവിധി സമ്ബാദിക്കുന്നതുവരെ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടാന്‍ കേരളം ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനംമന്ത്രി, ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.

ഉന്നതതല യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, എ.ജി. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനംവകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗസ്സിങ് തുടങ്ങിയവരും പങ്കെടുത്തു.